
ഒറ്റപ്പാലം: സമ്പത്ത് മറ്റു ഉളവർക്കായി പങ്കുവെക്കാനുള്ള മനസ്സാണ് മികച്ച സംസ്കൃതിയെ സൃഷ്ടിക്കുന്നതെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ . നിർധനർക്ക് 50 വീടുകൾ എന്ന സി.എം.എൻ. ട്രസ്റ്റിന്റെ എ ഹോം ഓഫ് യുവർ ഓൺ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കളായ ചന്ദ്രമ്മയുടേയും മാധവൻ നായരുടേയും പേരിൽ ട്രസ്റ്റ് രൂപീകരിച്ച് പമ്പാവാസൻ നായർ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ പ്രചോദനമാണ്. തിരുവനന്തപുരത്തു നിന്ന് യാത്ര ചെയ്ത് എത്തിയത് ഇത്തരം മനുഷ്യരുടെ സാമൂഹിക സേവനങ്ങളെയും അവരുടെ പ്രചോദനത്തെയും നേരിട്ട് മനസ്സിലാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. പമ്പാവാസൻ നായരുടെ മക്കളും കുടുംബവും ഈ സേവന പാത തുടരുന്നു എന്നത് അപൂർവമാതൃകയാണ്. കയ്യിൽ ഒന്നുമില്ലെങ്കിൽ പോലും മറ്റുള്ളവരുമായി ഉള്ളത് പങ്കുവെക്കാൻ തയ്യാറാകുന്ന സനാതന പാരമ്പര്യമാണ് നമ്മുടെ സംസ്കാരമെന്ന് ഗവർണർ ഓർമ്മിപ്പിച്ചു. 'ഇദം ന മമ' (ഇത് എന്റേതല്ല) എന്ന സന്ദേശമാണ് നമ്മുടെ സംസ്കൃതി പഠിപ്പിക്കുന്നത്. നമ്മുടെ പാരമ്പര്യവും സംസ്കാരവും പഠിപ്പിക്കുന്നത് ഉള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാനാണ്.
അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട 50 വീടുകളുടെ നിർമ്മാണം വെറും രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ പമ്പാവാസൻ നായർക്കും ട്രസ്റ്റിനും കഴിഞ്ഞത് വലിയ നേട്ടമാണ്.
ഭിന്നശേഷിക്കാർക്കും (ദിവ്യാംഗർ) ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള അർഹരായ കുടുംബങ്ങൾക്കുമാണ് ട്രസ്റ്റ് ഈ വീടുകൾ നൽകിയിരിക്കുന്നത്. ഭരണകൂടത്തിന് ചെയ്യാൻ പറ്റുന്നതിനപ്പുറം ഇത്തരം മഹത് വ്യക്തികളുടെ ഇടപെടലിലൂടെ സാധിക്കും. ഇത്തരം വ്യക്തികളുമായി ബന്ധം പുലർത്തി കേരളത്തിൽ നിന്ന് മടങ്ങാനാകുന്നത് സന്തോഷകരമാണ്.ഈ മാതൃക പിന്തുടരാൻ കൂടുതലാളുകൾ മുന്നോട്ടു വരുമ്പോഴാണ് സമൂഹം മുന്നോട്ടു പോകുന്നത്.
ഓരോ കുടുംബത്തിൻ്റെയും ആവശ്യതകൾക്കനുസരിച്ചുള്ള സ്വതന്ത്രമായ വീടുകളാണ് സി എം എൻ ട്രസ്റ്റ് ഒരുക്കി നൽകിയിട്ടുള്ളത്. നൽകിയ വീടുകളെ നല്ല ചിന്തകളും മൂല്യങ്ങളും കൊണ്ട് സ്നേഹം നിറഞ്ഞ 'ഭവനങ്ങളാക്കി' മാറ്റേണ്ടത് അവ സ്വീകരിച്ചവരുടെ ഉത്തരവാദിത്തമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. സി.എം.എൻ. ട്രസ്റ്റ് ചെയർമാൻ പമ്പാവാസൻ നായർ അധ്യക്ഷത വഹിച്ചു. എ ഹോം ഓഫ് യുവർ ഓൺ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭംഗുരം തുടരാൻ തനിക്ക് സഹായകരമായത് ഈശ്വരകൃപയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ് , സി എം എൻ ട്രസ്റ്റി കലാദേവി പമ്പാ വാസൻ എന്നിവർ സംസാരിച്ചു. ഡോ. നമ്രത പമ്പാവാസൻ സ്വാഗതവും വിഘ്നേഷ് പമ്പാവാസൻ നന്ദിയും പറഞ്ഞു. എ ഹോം ഓഫ് യുവർ ഓൺ പദ്ധതിയിൽ നിർമ്മിച്ച 13 വീടുകളുടെ താക്കോൽ ദാനവും പുതിയതായി ട്രസ്റ്റ് നിർമ്മിക്കുന്ന മൂന്ന് വീടുകളുടെ ധാരണപത്രം കൈമാറലും ഗവർണർ നിർവഹിച്ചു. വിവിധ സഹായ പദ്ധതി ഗുണഭോക്താക്കൾക്കുള്ള ചെക്കുകളും ചടങ്ങിൽ കൈമാറി.










